ചൂടുള്ള വാർത്ത !

ഇതാ താങ്കൾക്കായി ഒരു ശുഭ വാർത്ത 

---------------------


ചൂടുള്ള വാർത്തകൾക്കു ആവശ്യക്കാരേറെയാണ്. എല്ലാവർക്കും 'ചൂടുള്ളതും എരിവുള്ളതുമായ' വാർത്തകളോട് ഏറെ താൽപര്യവുമുണ്ട്. കൊലപാതകവും, പീഡനവും ഒക്കെ ചൂടുള്ള വാർത്തകളായി ഒരു കാലത്ത് പത്രവിൽപനക്കാർ വിളിച്ചു പറയുമ്പോൾ വേഗത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റുകയും  ചൂടപ്പം പോലെ പത്രം വിറ്റു തീരുകയും ചെയ്യുമായിരുന്നു.  ഇന്നും സ്ഥിതി വിഭിന്നമല്ല.. എന്നാൽ വിരളമായി മാത്രം മുൻപ് കേട്ടു കൊണ്ടിരുന്ന സംഭ്രമ ജനകവും വേദനിപ്പിക്കുന്നതുമായ വാർത്തകൾ ഇന്ന് ധാരാളമായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.


ഈ അടുത്ത കാലത്ത് മലയാളി സമൂഹത്തിനെ കണ്ണീരണിയിച്ച ചില ചൂട് വാർത്തകൾ ഇപ്രകാരം ആയിരുന്നു. അലറിക്കരഞ്ഞു കൊണ്ട് ഹോട്ടൽ മുറിയിൽ നിന്നും പോലിസ് അറസ്റ്റ് ചെയ്ത മയക്ക് മരുന്നുമായി പിടിക്കപ്പെട്ട യുവതിയുടെ ചിത്രം. പഠനത്തിൽ മിടുക്കി ആയിരുന്നു അവൾ! പന്ത്രണ്ടു വയസുള്ള തന്റെ മകനെ കാമുകനുമായി  ചേർന്ന് കൊന്നു കത്തിച്ചു പറമ്പിൽ തള്ളിയ അമ്മയുടെ ക്രൂരത ! മാതൃവാത്സല്യം ചോർന്നു പോയിരിക്കുന്നു. മറുവശത്തു പത്തു മാസം വയറ്റിൽ ചുമന്നു നൊന്തുപ്രസവിച്ച  അമ്മയെ നിസ്സാര കാരണത്തിന്റെ പേരിൽ കൊലപ്പെടുത്തി കത്തിച്ചു കളഞ്ഞിട്ടു യാതൊരു കൂസലും ഇല്ലാതെ കിടന്നുറങ്ങിയ മകന്റെ ക്രൂരത !


ഈ വാർത്തകൾ വിരൽ ചൂണ്ടുന്നത് നമ്മുടെ കുടുംബങ്ങളിലേക്കും കൂടെയാണ്.  കവലച്ചട്ടമ്പികളും, ഗുണ്ടകളുമൊക്കെ തെരുവിൽ മദ്യത്തിന്റെ ഉന്മാദത്തിൽ അക്രമങ്ങൾ ചെയ്തിരുന്ന കാലത്ത് നിന്ന് കുടുംബങ്ങളിൽ മക്കളെ കൊല്ലുന്ന മാതാപിതാക്കളും  മാതാപിതാക്കളെ കൊല്ലുന്ന മക്കളും വാഴുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം വന്നെത്തിയിരിക്കുന്നത്.


വിദ്യാഭ്യാസവും, വിവരവും, വിവേകവും, ശാസ്ത്രസാങ്കേതികവിദ്യകളും ഇത്രയധികം പുരോഗമിച്ചു എന്നവകാശപ്പെടുമ്പോഴും സങ്കീർണമായ യഥാർത്ഥ ജീവിതപ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുവാൻ മനുഷ്യൻ അക്രമത്തിന്റെയും,  കൊലപാതകത്തിന്റെയും, ആത്‌മഹത്യയുടെയും,ലഹരിയുടെയും മാർഗങ്ങളിൽ മാത്രം അഭയം തേടുന്നു.മുൻപെങ്ങും കേട്ടിട്ടില്ലാത്തത് പോലെ എം ഡി എം എ യും എൽ എസ് ഡിയും, കഞ്ചാവും ചിന്തിക്കാൻ കഴിയാത്തത് പോലെയുള്ള ലഹരി പദാർത്ഥങ്ങൾക്കും ആളുകൾ അടിമകൾ ആയിരിക്കുന്നു. ഒരു രസത്തിനു വേണ്ടി തുടങ്ങുന്നവരാണ് പലരും എന്നാൽ ഇത് അവരെ ഒരിക്കലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുടെ കോട്ടയിലാണ് എത്തിക്കുന്നത്.


പ്രശ്നങ്ങൾക്കു ഒരു പരിഹാരം കണ്ടു പിടിച്ചു ഈ നല്ല ജീവിതം ജീവിച്ചു തീർക്കുക എന്നതിലുപരി കേവലം വികാരങ്ങൾക് അടിമപ്പെട്ട്  ഒരിക്കലും ലക്ഷ്യത്തിൽ എത്താതെ ഒരു സമൂഹം ഒന്നടങ്കം തകർച്ചയിലേക്ക് കൂപ്പുകുത്തപ്പെടുന്നു.

എല്ലാവരും സമാധാനപൂർണവും സ്വസ്ഥതയും ഉള്ള ഒരു ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.അതിനു വേണ്ടി എന്തും ചെയ്‍വാൻ മടിയില്ലാതായിരിക്കുന്നു. അധികാരത്തിനും സമ്പത്തിനും സ്ഥാനമാനത്തിനും വേണ്ടി കൂടെപ്പിറപ്പുകളെ പോലും അതിക്രൂരമായി ഉപദ്രവിക്കുവാൻ യാതൊരു സങ്കോചവും ഇല്ല.


മനുഷ്യജീവനും ബന്ധങ്ങൾക്കും യതൊരു വിലയും കല്പിക്കപെടുന്നില്ല എന്ന അവസ്ഥാന്തരത്തിലേക്കു മനസാക്ഷി മരവിച്ചിരിക്കുന്നു. "അവനവനിലേക്ക് ചുരുങ്ങുക " എന്നതായിരിക്കുന്നു ഇന്നിന്റെ തലമുറയുടെ ആപ്തവാക്യം.

ഉത്തരാധുനികതയുടെ അതിപ്രസരം യാന്ത്രിക സംവിധാനങ്ങളിൽ വൻ കുതിച്ചു ചാട്ടം നടത്തിയപ്പോൾ ലോകം ഒരു ചെറിയ ഉപകരണസംവിധാനത്തിലേക്ക്  ചുരുങ്ങി. അധാർമികതയും കപടസദാചാരബോധവും അനാരോഗ്യപരമായ ലൈംഗികതയിലേക്കു സമൂഹത്തെ നയിച്ചു. അതിന്റെ ചുവടു പിടിച്ചു പിഞ്ചുകുഞ്ഞു മുതൽ മുത്തശ്ശിമാർ വരെ അനിയന്ത്രിതമായ കാമാസക്തിക്ക്‌ ഉപകരണങ്ങളാക്കപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിലെക്കു ഇറങ്ങിചെല്ലേണ്ട യുവതലമുറ പരസ്പരം പോരിന് വിളിച്ചും ആയുധം എടുത്തും വ്യക്തിഹത്യ നടത്തിയും പരസ്പരബഹുമാനമോ വ്യക്തിത്വമോ ഇല്ലാതെ എങ്ങനെയൊക്കെയോ ജീവിക്കുന്നു.


അസമാധാനവും അസന്തുഷ്ടിയും വിഷാദവും അക്രമവും നിരാശയും മാത്രമായിരിക്കുന്നു പരിണിതഫലം !

ഭരണകൂടങ്ങൾക്കോ,മതസംവിധാനങ്ങൾക്കോ,നീതിന്യായ വ്യവസ്ഥിതികൾക്കോ ഒന്നും ഇതിനൊരു പരിഹാരം നൽകുവാൻ സാധിക്കുകയില്ല. അത്രയ്ക്കും ഭീകരമായ ഒരു അവസ്ഥയിലേക്കു ലോകം എത്തിക്കഴിഞ്ഞു.


എന്നാൽ എന്താണ് ഇതിനൊരു പോംവഴി?


താങ്കൾ സമാധാനം കാംക്ഷിക്കുന്ന ഒരു വ്യക്തിയാണോ?


ചൂടുള്ള വർത്തകളിക്കിടയിൽ താങ്കൾക്കായി ഇതാ കുളിർമ നൽകുന്ന ഒരു വാർത്ത അറിയിക്കുന്നു.


യേശുക്രിസ്തു താങ്കളെ സ്നേഹിക്കുന്നു.

കർത്താവായ യേശു ക്രിസ്തു മാത്രമാണ് ഏക പോംവഴി. അനേകം കുടുംബങ്ങളെ തകർച്ചയിൽ നിന്നും രക്ഷിച്ച,മദ്യപാനികളെയും,ലഹരിക്കടിമകളായവരെയും,സാമൂഹ്യ വിരുദ്ധരെയും പുതിയ ഒരു ജീവിതത്തിലേക്ക് കരം പിടിച്ചു നടത്തിയ ,ആത്മഹത്യ പ്രേരണയിൽ നിന്ന് മാറി ചിന്തിപ്പിച്ച, ഒരത്ഭുത സത്യമാണ് യേശുക്രിസ്തു.


പാപം ചെയ്തു ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുത്തി,പിശാചിന്റെ കാരാളഹസ്തത്തിൽ അമർന്നു കഷ്ടപ്പെട്ട്‌,നിരാശയിലും,വിഷാദത്തിലും ജീവിതം മുങ്ങിപ്പോകുന്ന അനേക വ്യക്തികളെ മാനസാന്തരപ്പെടുത്തി രക്ഷയിലേക്കു കൊണ്ട് വന്ന ഏക ദൈവപുത്രനായ യേശുക്രിസ്തു.


വേദപുസ്തകം പറയുന്നു," തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കേണ്ടതിനു ദൈവം യേശുവിനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹ 3:16).

'ദൈവം വെച്ചിരിക്കുന്ന ലക്ഷ്യത്തിൽ നിന്നും തെറ്റിപ്പോകുന്നതാണ് പാപം'.

പാപം ചെയ്തു ദൈവ തേജസ്സു നഷ്ടപ്പെടുത്തിയ ആദാമും ഹവ്വയും തോട്ടത്തിൽ നിന്നും പുറത്തായെങ്കിലും ദൈവം അവർക്കു വസ്ത്രം ഉണ്ടാക്കി കൊടുത്തു.... ഒരു കുഞ്ഞാട് അറുക്കപ്പെട്ടു...

മാനവജാതിയുടെ പാപത്തിന്റെ പരിഹാരത്തിനായി കാൽവരിയിൽ തന്റെ ഏകജാതനായ പുത്രനെ ദൈവം ബലിയാക്കി മനുഷ്യനെ പാപത്തിൽ നിന്നും വീണ്ടെടുത്തു.. ആദ്യ ആദമിന്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു. അവസാനത്തെ ആദാമിനാൽ ജീവൻ മനുഷ്യർക്കു ലഭിച്ചു.... യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ നിത്യജീവൻ പ്രാപിക്കും.,,,,,

യേശുക്രിസ്തു താങ്കളെ സ്നേഹിക്കുന്നു. യേശുവിൽ വിശ്വസിക്കുക മാത്രം മതി താങ്കളുടെ ജീവിതത്തിനു അത് സമാധാനം നൽകും. മനുഷ്യർ പാപികളാണ്. പാപത്തിൽ നിന്നും രക്ഷ നേടുവാൻ അവൻ ആഗ്രഹിക്കുന്നു. മാനവജാതിയെ പാപത്തിൽ നിന്ന് രക്ഷിക്കാൻ യേശു ക്രിസ്തു തന്റെ ചങ്കിലെ ചോരയൂറ്റി നൽകി കാൽവരിയിൽ തന്റെ ജീവനെ മറുവിലയായി നൽകി.


ഇനി കർമാചാരങ്ങളോ,പുണ്യപ്രവർത്തികളോ,തീർത്ഥാടനങ്ങളോ ചെയ്യേണ്ട കാര്യമില്ല, യേശുവിൽ വിശ്വസിക്കുക മാത്രം മതി. താങ്കളും കുടുംബവും രക്ഷ പ്രാപിക്കും. ഈ സമാധാന പൂർണമായ ജീവിതം യേശുവിൽ കൂടി ലഭ്യമാകാൻ മതം മാറേണ്ട,പേര് മാറേണ്ട താങ്കളുടെ മനസ്സും ചിന്തകളും മാത്രം മാറിയാൽ മതി. യേശു ഇന്ന് താങ്കളെ ക്ഷണിക്കുന്നു. ആ ദൈവത്തിനു വേണ്ടി നിങ്ങളുടെ ഹൃദയ കവാടം തുറന്നു കൊടുക്കാമോ? എങ്കിൽ, യേശു എന്റെ കർത്താവും എന്റെ രക്ഷിതവുമാണെന്നു അധരം കൊണ്ട് ഏറ്റു പറയാമോ? ദൈവം യേശുവിനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർത്തെഴുന്നേല്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കാമോ? താങ്കൾ രക്ഷിക്കപ്പെടും.

സ്നേഹിതാ, മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്. യേശുവിൽ വിശ്വസിച്ചു, വിശുദ്ധ ജീവിതം നയിക്കുന്നവർ സ്വർഗ്ഗത്തിലും, യേശുവിനെ വിശ്വസിക്കാതെ പാപം ചെയ്തു ജീവിക്കുന്നവർ നിത്യ നരകത്തിലും അകപ്പെടും. ആകയാൽ ഇതാകുന്നു സുപ്രസാദ കാലം ! ഇതാകുന്നു രക്ഷാദിവസം ! മാനസാന്തരപ്പെട്ട് കർത്താവായ യേശുവിൽ വിശ്വസിക്കുക ! സമാധാനവും സന്തോഷവും ഉള്ള ജീവിതം നയിക്കുക ! നിത്യസ്വർഗ്ഗത്തിനു അവകാശിയായിത്തീരുക !

✍ ജസ്റ്റിൻ കായംകുളം

Comments

Post a Comment

Popular posts from this blog

ദയവായി പാദരക്ഷകൾ പുറത്തിടുക*         ✍🏻 *ജസ്റ്റിൻ കായംകുളം* (ഭാവന )

ആ മനുഷ്യൻ നീ തന്നെ !* (ഭാവന)                ജസ്റ്റിൻ കായംകുളം

യബേസ്